ന്യൂഡൽഹി: വിദേശ സഹായം സ്വീകരിക്കില്ലെന്നും സ്വയം പര്യാപ്തമാണെന്നുമുള്ള ഇന്ത്യയുടെ പതിനാറ് വർഷമായി പിന്തുടരുന്ന വിദേശനയം മാറ്റാൻ ഒരുങ്ങുന്നു. കോവിഡ് പ്രതിസന്ധി നേരിടാൻ വിദേശരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ ദീർഘകാലമായി പിന്തുടർന്നു വരുന്ന നയത്തിലാണ് ഇന്ത്യ മാറ്റം വരുത്തുന്നത്.
രാജ്യം ഓക്‌സിജൻ ക്ഷാമം, മരുന്നുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് എന്നിവ നേരിടുന്നതിനിടെ വിദേശരാജ്യങ്ങളെ സഹായത്തിനായി ആശ്രയിക്കാമെന്നാണ് രാജ്യത്തിന്റെ നിലപാടെന്ന് ഇന്ത്യൻ എക്‌സ്പ്രസ്സാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സ്വാശ്രയത്വവും സ്വയം പര്യാപ്തതയും അടിസ്ഥാനമാക്കി വിദേശസ്രോതസ്സുകളിൽ നിന്നുള്ള പാരിതോഷികങ്ങൾ, സംഭാവനകൾ, മറ്റ് സഹായങ്ങൾ എന്നിവ സ്വീകരിക്കേണ്ടതില്ല എന്ന കർശന നിലപാട് രാജ്യം കൈവിടും.
അടിയന്തരസാഹചര്യമുണ്ടായാൽ ഓക്‌സിജൻ സംബന്ധിയായ ഉപകരണങ്ങളും ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ ചൈനയിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. അടിയന്തരസാഹചര്യമുണ്ടായാൽ ഓക്‌സിജൻ അനുബന്ധഉപകരണങ്ങൾക്കായി ചൈനയെ ഇന്ത്യ സമീപിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് വിദേശസഹായം സ്വീകരിക്കേണ്ടതില്ല എന്ന ഇന്ത്യയുടെ വിദേശ നയം പ്രാബല്യത്തിൽ വന്നത്. 2004ലെ സുനാമി ദുരന്ത സമയത്തായിരുന്നു ആ പ്രഖ്യാപനം. അതേസമയം, കോവിഡ് രൂക്ഷമായതോടെ ഈ നിലപാട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മൻമോഹൻ സിങ് തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോവിഡ് രൂക്ഷമായ ഇന്ത്യയ്ക്ക് യുഎസ്, യുകെ, ഫ്രാൻസ്, ജർമനി, റഷ്യ, അയർലൻഡ്, ബെൽജിയം തുടങ്ങിയ ഇരുപതോളം രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലക്‌സംബർഗ്, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, ഭൂട്ടാൻ, സിങ്കപ്പുർ, സൗദി അറേബ്യ, ഹോങ്കോങ്, തായ്‌ലൻഡ്, ഫിൻലൻഡ്, സ്വിറ്റ്‌സർലൻഡ്, നോർവേ, ഇറ്റലി, യുഎഇ എന്നീ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.