അബദ്ധം പറ്റിയതാണ്, കേന്ദ്രം പറഞ്ഞിട്ടല്ല! മോഡി രാജിവെക്കണമെന്ന ഹാഷ്ടാഗ് നീക്കം ചെയ്തതില്‍ വിശദീകരണവുമായി ഫേസ്ബുക്ക്; പുനസ്ഥാപിച്ചിട്ടുണ്ടെന്നും കമ്പനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെക്കണമെന്ന #resignmodi ഹാഷ്ടാഗ് നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാം എന്നും പുനഃസ്ഥാപിച്ചെന്നും ഫേസ്ബുക്ക് കമ്പനി വക്താവ് ആന്റി സ്റ്റോണ്‍ അറിയിച്ചു.

‘ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്’ ഫേസ്ബുക്ക് കമ്പനി വക്താവ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോഡി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഹാഷ്ടാഗ് നീക്കിയതോടെ കോവിഡ് കാലത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വിലക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

ബംഗാള്‍ തിരഞ്ഞെടുപ്പ് സമയത്താണ് നരേന്ദ്ര മോഡി രാജിവയ്ക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കിയത്.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമമായ ദി ഓസ്‌ട്രേലിയനെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ഓക്‌സിജന്‍, വാക്‌സിന്‍ ക്ഷാമം എന്നിവ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡിയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് ദി ഓസ്‌ട്രേലിയനെതിരെ കേന്ദ്രം രംഗത്തുവന്നത്.

കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ട്വീറ്റുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 52ഓളം ട്വീറ്റുകള്‍ക്കെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ മതിയായ മുന്നൊരുക്കം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്ടാഗ് ക്യാമ്പെയിനും നടന്നിരുന്നു. രോഗവ്യാപനം രൂക്ഷമായ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചികിത്സ ലഭിക്കാതെ ആളുകള്‍ തെരുവില്‍ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു.


ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇടപെടലുകള്‍ നീക്കം ചെയ്യപ്പെട്ടത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോള്‍ #ഞലശെഴിങീറശ പുന:സ്ഥാപിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഹാഷ്ടാഗ് നീക്കിയ സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിനം മൂന്ന് ലക്ഷത്തിലധികമാണ് ഇന്ത്യയിലെ കോവിഡ് കേസുകള്‍. ആയിരക്കണക്കിനാളുകളാണ് ദിവസേന മരിച്ചു വീഴുന്നത്. ഡല്‍ഹിയിലും യുപിയിലും പഞ്ചാബിലും ഗുജറാത്തിലുമെല്ലാം ജനങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്.

Exit mobile version