ന്യൂഡല്‍ഹി: കോവിഡ് തീവ്രമായതിനെ തുടര്‍ന്ന് വിദേശസഹായം സ്വീകരിക്കാന്‍ വിദേശ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദേശത്തു നിന്നുള്ള മരുന്നുകളും സംഭാവനകളും സ്വീകരിക്കാനാണ് നയത്തില്‍ ഇന്ത്യ താത്ക്കാലികമായ മാറ്റം വരുത്തുന്നത്. ചൈനയടക്കം ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നാണ് കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ സഹായം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
വിദേശത്തു നിന്നുള്ള സഹായങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാറാണ് 16 വര്‍ഷം മുമ്പ് തീരുമാനമെടുത്തിരുന്നത്. 2004 ഡിസംബറിലെ സുനാമിക്ക് ശേഷമാണ് രാജ്യം സുപ്രധാന നയം സ്വീകരിച്ചത്. സുനാമിക്ക് ശേഷം വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്‍മോഹന്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
നയം കൊണ്ടു വന്ന ശേഷം 2013ലെ ഉത്തരാഖണ്ഡ് പ്രളയം, 2005ലെ കശ്മീര്‍ ഭൂചലനം, 2014ലെ കശ്മീര്‍ പ്രളയം എന്നിവയില്‍ ഇന്ത്യ വിദേശസഹായം നിരസിച്ചിരുന്നു. അതിനു മുമ്പ്, ഉത്തര്‍കാശി ഭൂചലനം (1991), ലാത്തൂര്‍ ഭൂകമ്പം (1993), ഗുജറാത്ത് ഭൂകമ്പം (2001), ബംഗാള്‍ ചുഴലിക്കാറ്റ് (2002), ബിഹാര്‍ പ്രളയം (ജൂലൈ 2004) എന്നീ ദുരന്തങ്ങളില്‍ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ഇതുവരെ 20 ലേറെ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. അയല്‍രാജ്യമായ ഭൂട്ടാന്‍ ഓക്സിജന്‍ നല്‍കുമെങ്കില്‍ യുഎസ് വാഗ്ദാനം ചെയ്തിട്ടുള്ളത് ആസ്ട്രസെനിക്ക വാക്സിനാണ്.
യുകെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അയര്‍ലാന്‍ഡ്, ബെല്‍ജിയം, റൊമാനി, ലക്സംബര്‍ഗ്, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഓസ്ട്രേലിയ, സിംഗപൂര്‍, സൗദി അറേബ്യ, ഹോങ്കോങ്, തായ്ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നോര്‍വേ, ഇറ്റലി, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ രാഷ്ട്രങ്ങളെല്ലാം ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. പല സഹായങ്ങളും ഇന്ത്യയിലെത്തുകയും ചെയ്തിട്ടുണ്ട്.