ലഖ്നൗ: ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ ശ്മശാനങ്ങളിൽ നിന്നും ശ്മശാനങ്ങളിലേക്ക് സഞ്ചരിക്കുന്ന വയോധികന്റെ ചിത്രം രാജ്യത്തിന് നൊമ്പരമാകുന്നു. കോവിഡ് ഏറ്റവുമധികം ബാധിച്ച ഉത്തർപ്രദേശിൽ നിന്നാണ് ഈ ഹൃദയം തകർക്കുന്ന കാഴ്ച. ജോൻപുരിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഇടങ്ങളെല്ലാം നിറഞ്ഞതോടെയാണ് ഭാര്യയുടെ മൃതദേഹവുമായി വയോധികൻ മണിക്കൂറുകൾ തെരുവിൽ അലഞ്ഞത്. വാഹനം ഇല്ലാത്തതിനാൽ സ്വന്തം സൈക്കിളിലായിരുന്നു ശ്മശാനങ്ങളിൽ നിന്ന് ശ്മശാനങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര.
വയോധികന്റെ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. മൃതദേഹം വഹിച്ച് വയോധികൻ സൈക്കിൾ ഉരുട്ടിക്കൊണ്ട് പോകുന്നതിന്റേയും ഇടക്ക് വിശ്രമിക്കാനായി റോഡരികിൽ ഇരിക്കുന്നതിന്റേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരിച്ച സ്ത്രീക്ക് കോവിഡ് ഉണ്ടോ എന്ന കാര്യം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചില്ലെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോൻപുർ, കോട്വാലി അംബർപൂർ നിവാസിയായ തിലക്ധാരി സിങിന്റേതാണ് ഈ ദുരനുഭവം. ഇദ്ദേഹത്തിന്റെ ഭാര്യ രാജ്കുമാരി (50) വളരെക്കാലമായി രോഗബാധിതനായിരുന്നു. തിങ്കളാഴ്ച ഉമാനാഥ് സിങ് ജില്ലാ ആശുപത്രിയിൽ വെച്ചാണ് അവരുടെ നില വഷളാവുകയും മരണപ്പെടുക.ും ചെയ്തത്. എന്നാൽ ഇവർക്ക് കോവിഡ് ബാധിച്ചിരുന്നെന്ന് പ്രചരിച്ചതിനെ തുടർന്ന് സംസ്കാരത്തിന് സഹകരിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ മൃതദേഹം അഴുകാൻ തുടങ്ങിയപ്പോഴാണ് തിലക്ധാരിസിങ് മൃതദേഹം സൈക്കിളിൽവച്ച് ശ്മശാനം അന്വേഷിച്ചിറങ്ങിയത്.
രോഗം ഭയന്ന് ആരും വയോധികനെ സഹായിക്കാൻപോലും രംഗത്തുവന്നിരുന്നില്ല. പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തിയാണ് അന്ത്യകർമങ്ങൾക്കുള്ള ഏർപ്പാട് ചെയ്തത്. തുടർന്ന് രാംഘട്ടിൽ യുവതിയുടെ അന്ത്യകർമങ്ങൾ നടത്തി.
Discussion about this post