ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കായി കേന്ദ്രം അനുവദിക്കുന്ന കോവിഡ് വാക്‌സിൻ 45 വയസിന് താഴെയുള്ളവർക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. മുൻഗണനാ ഗ്രൂപ്പിന് പുറത്തുള്ളവർക്ക് വാക്‌സിൻ നൽകരുതെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ട വാക്‌സിനേഷൻ ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുന്നത്.
പകുതി വാക്‌സിൻ കേന്ദ്ര സർക്കാർ വിതരണം ചെയ്യുമെന്നും ഇത് ആരോഗ്യ പ്രവർത്തകർ, മുൻ നിര പ്രവർത്തകർ, 45 വയസിന് മുകളിലുള്ളവർ എന്നിവർക്ക് നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് നൽകുന്നതാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണൽ സെക്രട്ടറി മനോഹർ അഖാനി അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനും സ്വകാര്യ ആശുപത്രികൾക്കും 18 മുതൽ 44 വയസ് വരെയുള്ളവർക്കും വാക്‌സിൻ വിതരണം ചെയ്യാൻ വാക്‌സിൻ നിർമ്മാതാക്കളെ അനുവദിക്കുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാരിന് നൽകുന്നതിന് ശേഷമായിരിക്കും സംസ്ഥാനങ്ങൾക്ക് നേരിട്ട് കമ്പനികൾ വാക്‌സിൻ എത്തിക്കുക.
18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും മെയ് 1 മുതൽ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 45 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് മാത്രമാണ് വാക്‌സിൻ എടുക്കാൻ അനുമതിയുള്ളത്. ആശുപത്രികളിലേക്ക് പോകുന്നതിനും അവരുടെ ആദ്യ ഷോട്ട് ലഭിക്കുന്നതിനും മുമ്പ് ഉപയോക്താക്കൾ വാക്‌സിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഇന്ന് മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. 18 വയസ്സിനുമുകളിലുള്ളവർക്ക് കോവിൻ പ്ലാറ്റ്‌ഫോമിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാം. വൈകിട്ട് നാല് മണി മുതൽ കൊവിൻ ആപ്പിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.