വരനേയും വധുവിനേയും കൈയ്യേറ്റം ചെയ്തു; ബന്ധുക്കളെ പിടിച്ചുതള്ളി; കർഫ്യൂവിന്റെ പേരിൽ വിവാഹ പാർട്ടിയിൽ അഴിഞ്ഞാടി ജില്ലാ കളക്ടർ; ഒടുവിൽ മാപ്പ് പറഞ്ഞ് രക്ഷപ്പെടൽ

tripura dm

അഗർത്തല: ത്രിപുരയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂവിന്റെ പേരിൽ വിവാഹ പാർട്ടി അലങ്കോലമാക്കി ജില്ലാ കളക്ടറുടെ ഷോ. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും പിന്നീട് സിനിമാസ്റ്റൈലിൽ അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടർ വിവാദപുരുഷനായത്. മാണിക്യ കോർട്ടിൽ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തിൽ പോലീസിന്റെ ഇരച്ചുകയറ്റവും അക്രമവും ഉണ്ടായത്. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റായ ശൈലേഷ് കുമാർ യാദവാണ് വിവാദത്തിന് പിന്നിൽ.

സംഭവത്തിന്റെ വീഡിയോ പുറംലോകത്ത് എത്തുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ കളക്ടർ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാർ മാപ്പ് അപേക്ഷയിൽ പറഞ്ഞു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർ മാപ്പ് പറഞ്ഞ് തടിയൂരിയത്.

കോവിഡ് വ്യാപനത്തെ തുടർന്ന് അഗർത്തല മുനിസിപ്പൽ കൗൺസിൽ പരിധിയിൽ രാത്രി പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാത്രി നടന്ന വിവാഹ ചടങ്ങ് കർഫ്യൂ ലംഘിച്ചാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കളക്ടർ റെയ്ഡ് നടത്തിയത്.

കളക്ടർ വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിക്കാൻ ശ്രമിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സർക്കാരിനെതിരെ ജനരോഷവും ഉയർന്നിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.

Exit mobile version