കൊവിഡ് രണ്ടാംതരംഗത്തില്‍ ദുരന്ത മുഖമായി നില്‍ക്കുകയാണ് മഹാരാഷ്ട്ര. ദിനംപ്രതി നിരവധി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിനൊപ്പം തന്നെ ആയിരങ്ങള്‍ മരിച്ചു വീഴുകയാണ്. ഈ സാഹചര്യത്തില്‍ പല ദുരന്ത വാര്‍ത്തകളും കണ്ണീര് കാഴ്ചകളുമാണ് സംസ്ഥാനത്ത് നിന്ന് പുറത്ത് വരുന്നതും. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അതിദാരുണമായ കാഴ്ചയാണ്.
ഒന്നിനുമേല്‍ മറ്റൊന്നായി ഒരു ആംബുലന്‍സില്‍ 22ഓളം മൃതദേഹങ്ങള്‍ കുത്തിക്കയറ്റി വെച്ചിരിക്കുന്ന ചിത്രമാണ് വേദനയാകുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ഓരോ പ്ലാസ്റ്റിക് ബാഗുകളാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ച് ഒരുമിച്ച് കൊണ്ട് പോകുന്നത്. ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമണന്ദ് തീര്‍ത്ത് മറാത്ത്വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സില്‍ കുത്തിനിറച്ച് സംസ്കരിക്കാനായി കൊണ്ടുപോയത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് ദാരുണ കാഴ്ച പുറംലോകം അറിഞ്ഞത്. വിവാദത്തിലേയ്ക്ക് കൂപ്പുകുത്തിയതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സുകള്‍ ലഭിക്കാതെ വന്നതോടെയാണ് കിട്ടിയ ആംബുലന്‍സില്‍ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കാന്‍ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post