ന്യൂഡല്‍ഹി: അടുത്ത ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓക്‌സിജന്‍ കിട്ടാതെ നിരവധി കൊവിഡ് രോഗികള്‍ പിടഞ്ഞു മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും. അടുത്ത ഒരുമാസത്തിനുളളില്‍ 36 പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും നിര്‍മിക്കുന്നുണ്ട്. ഇതില്‍ 21 റെഡി ടു യൂസ് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ബാങ്കോക്കില്‍ നിന്ന് 18 ഓക്‌സിജന്‍ ടാങ്കറുകളും ഇറക്കുമതി ചെയ്യും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനായെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 70 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുകൊണ്ടുളള ഓക്‌സിജന്‍ എക്‌സ്പ്രസ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇത് വിവിധ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യും.
Discussion about this post