ന്യൂഡൽഹി: രാജ്യത്ത് വീണ്ടും 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിന് മുകളിൽ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയെങ്കിലും, അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതിനാലാവാം എണ്ണവും കുറഞ്ഞതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 2767 പേരാണ്. മരണനിരക്ക് മൂവായിരത്തിനടുത്തേക്ക് നീങ്ങുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രോഗനിയന്ത്രണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ കേന്ദ്രം പരമോന്നത കോടതിയെ അറിയിക്കും.
കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നൂറിൽ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ആർത്തവത്തിൻറെ പേരിൽ വാക്സീൻ സ്വീകരിക്കുന്നത് നീട്ടി വയക്കരുതെന്നും, ആർത്തവ ദിനങ്ങളിൽ വാക്സീൻ സ്വീകരിക്കുന്നത് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേ സമയം മെയ് പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം ആറ് ലക്ഷം കടക്കാമെന്നും അതിനാൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തണമെന്നും നീതി ആയോഗ് പത്ത് ദിവസം മുൻപേ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ്.
Discussion about this post