ന്യൂഡൽഹി: രാജ്യത്തെ കമ്പനികൾ ഉത്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് വില കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ കോവിഡ് വാക്‌സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്‌ഐഐ)യോടും, ഭാരത് ഭാരത് ബയോടെക്കിനോടും വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
18 വയസിനു മുകളിലുള്ളവർക്കും വാക്‌സിൻ നൽകുന്ന വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മെയ് ഒന്നിന് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ആവശ്യം. യുവാക്കൾ കോവിഡ് വാക്‌സിൻ വില കൊടുത്തു വാങ്ങി ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വാക്‌സിന്റെ വിലയെച്ചൊല്ലി വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വില കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. നിലവിൽ രാജ്യത്ത് കോവിഷീൽഡ്, കോവാക്‌സിൻ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് ഉത്പാദിപ്പിക്കുന്നത്.
ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്‌സിൻ രാജ്യത്ത് നിർമിക്കുന്നത്. കോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ വാക്‌സിൻ വിൽക്കുന്ന രാജ്യത്തെ കമ്പനികൾക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ അടക്കം രംഗത്ത് വരികയും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയും ചെയ്തിരുന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാക്‌സിൻ വിലനിർണ്ണയം സംബന്ധിച്ച വിഷയം ചർച്ച ചെയ്തിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് വാക്‌സിന്റെ വില കുറയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.