കോവിഡ് പ്രതിരോധത്തിന് സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാരെ തിരികെ വിളിക്കും;വിരമിച്ച മറ്റ് ആരോഗ്യപ്രവർത്തകരും സജ്ജമാകണമെന്ന് സേനാ മേധാവി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഇനി വിരമിച്ച സൈനിക ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് സംയുക്തസേനാ മേധാവി ബിപിൻ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിൽ സായുധസേന സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സംയുക്തസേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ രണ്ടുവർഷത്തിനുളളിൽ വിരമിച്ച സൈനിക ഡോക്ടർമാരെയാണ് കോവിഡ് പ്രതിരോധത്തിനായി തിരികെ വിളിക്കുന്നത്.

വിരമിച്ച സൈനിക ഡോക്ടർമാരെ സേവനത്തിന് തിരികെ വിളിക്കുന്നത് താമസസ്ഥലത്തിന് സമീപമുളള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കായിരിക്കും. മെഡിക്കൽ എമർജൻസി ഹെൽപ് ലൈനിൽ കൺസൾട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റു ആരോഗ്യപ്രവർത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കര,നാവിക,വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്‌സുകളിലെ എല്ലാ മെഡിക്കൽ ഓഫീസർമാരേയും ആശുപത്രികളിൽ നിയോഗിക്കുമെന്നും ബിപിൻ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചു.

വലിയതോതിൽ മെഡിക്കൽ സൗകര്യങ്ങൾ തങ്ങൾ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളിൽ പൗരന്മാർക്ക് മിലിട്ടറി മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിലെ നഴ്‌സിങ് ഓഫീസർമാരേയും വൻതോതിൽ ആശുപത്രികളിൽ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജൻ സിലിണ്ടറുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികൾക്ക് വിട്ടുനൽകുമെന്നും ബിപിൻ റാവത്ത് പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.

Exit mobile version