ചെന്നൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൊവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയാണ്. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന് പരാജയപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 2812 മരണം കൂടി 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവില്‍ 28,13,658 പേര്‍ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.