ഗുരുഗ്രാം: രാജ്യത്ത് കോവിഡ് പിടിമുറുക്കുമ്പോൾ ജീവശ്വാസത്തിന് വേണ്ടി അപേക്ഷിക്കുന്ന രോഗികളേയും ബന്ധുക്കളേയും പിഴിഞ്ഞ് കരിഞ്ചന്തക്കാർ. ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന ആശുപത്രികളിലെ രോഗികൾക്ക് ഭീമൻതുക ഈടാക്കി ഓക്സിജൻ സിലിണ്ടർ വിൽക്കാൻ ശ്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന പോലീസും മുഖ്യമന്ത്രിയുടെ ഫ്ലൈയിങ് സ്ക്വാഡും ചേർന്നാണ് നാല് പേരെ പിടികൂടിയത്.
12,000 രൂപ വിലവരുന്ന സിലിണ്ടറുകൾക്ക് 90,000 രൂപ ഈടാക്കിയാണ് ഇവർ വിൽക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനിടെ ഓക്സിജൻ സിലിണ്ടറുകൾ അമിത നിരക്കിൽ വിറ്റഴിച്ചതിന് സോണിപത് പോലീസ് ഒരു സ്വകാര്യ കമ്പനിയുടെ മാനേജരെ അറസ്റ്റ് ചെയ്ത് കേസുമെടുത്തിട്ടുണ്ട്.
അമിത വില ഈടാക്കുന്നവരെ പിടികൂടാനായി മഫ്തിയിലെത്തിയ പോലീസ് കരിഞ്ചന്ത വിൽപ്പനക്കാരുമായി വ്യാജ കരാറുമുണ്ടാക്കിയിരുന്നു. 48 കിലോ സിലിണ്ടർ വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികളുമായി കരാറുണ്ടാക്കിത്.
പിന്നീട് സിലിണ്ടർ വിൽപ്പനയ്ക്കായി എത്തിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്യുകയും സിലിണ്ടറുകൾ പിടിച്ചെടുക്കുകയുമായിരുന്നു. ഒൻപത് ഓക്സിജൻ സിലിണ്ടറുകളും ഒരു കാറും അവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഓക്സിജൻ സിലിണ്ടറുകൾ കൂടുതൽ വിലയീടാക്കി വിൽക്കുന്നതായി പരാതി ഉയർന്നതോടെയാണ് ഹരിയാന പോലീസ് കരിഞ്ചന്തക്കാരെ പൂട്ടാൻ പ്രത്യേക സംഘം രൂപീകരിച്ചത്. കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെയും മറ്റ് മരുന്നുകളുടെയും കരിഞ്ചന്ത തടയുന്നതിനായി, ഹരിയാന പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ആളുകൾക്ക് ഓക്സിജൻ സിലിണ്ടറുകൾ, റെംഡെസിവിർ കുത്തിവയ്പ്പുകൾ, മറ്റ് ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ കരിഞ്ചന്തയുമായ ബന്ധപ്പെട്ട് വിവരങ്ങൾ പോലീസുമായി പങ്കിടാൻ സാധിക്കും.
അതേസമയം, ഹരിയാനയിൽ സജീവമായ കോവിഡ് 19 രോഗികളുടെ എണ്ണം ഞായറാഴ്ച വൈകുന്നേരം 74,248 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,985 പുതിയ കേസുകളും 64 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
Discussion about this post