ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍, കേന്ദ്രത്തിന് വിമര്‍ശനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും കെജ്രിവാള്‍ അറിയിച്ചു.

ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്. ’18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1.34 കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള അനുമതി നല്‍കി കഴിഞ്ഞു. എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും’ കെജ്രിവാള്‍ പറഞ്ഞു. രോഗവ്യപാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം വാക്‌സിന്‍ വില നിശ്ചയിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുടനീളം വാക്‌സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18-45 വയസിന് ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

Exit mobile version