കാൺപുർ: മകനും മകളും ഉപേക്ഷിച്ച കോവിഡ് പോസിറ്റീവായ സ്ത്രീക്ക് ദാരുണമരണം. അവശയായ സ്ത്രീയെ കോവിഡ് സ്ഥിരീകരിച്ചതോടെ മകൻ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവരെ പിന്നീട് നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയും ചെയ്തു.
ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. കാൺപുർ കന്റോൺമെന്റ് സ്വദേശിയായ വിശാലാണ് കോവിഡ് രോഗിയായ അമ്മയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അമ്മയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. അമ്മയുടെ ആരോഗ്യസ്ഥിതി വഷളായതോടെ ഇയാൾ അമ്മയുമായി ചക്കേരിയിലുള്ള സഹോദരിയുടെ വീടിന് സമീപത്തെത്തുകയും ഇവരെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മകളും തയ്യാറാകാതെ വന്നതോടെ ഇവർ തെരുവിൽ ദീർഘനേരം കിടക്കേണ്ട അവസ്ഥയും വന്നു. പിന്നീട് ഇവരെ കണ്ട നാട്ടുകാരാണ് സ്ത്രീയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സഹായം അഭ്യർത്ഥിച്ചത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് ആംബുലൻസ് വിളിച്ച് സ്ത്രീയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി. അമ്മയെ ഉപേക്ഷിച്ചതിന് മകനായ വിശാലിനെതിരെ കേസെടുത്തതായും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിസിപി അനുപ് സിങ് പറഞ്ഞു.
Discussion about this post