ഓക്‌സിജന്‍ പ്രതിസന്ധി: അതിവേഗ 551 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; പിഎം കെയേഴ്‌സ് ഫണ്ട് അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ 551 പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (PSA) ഓക്സിജന്‍ ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി. ഇതിനായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശ പ്രകാരം പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തിരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റ് സ്ഥാപിക്കുക. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക. ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്‌സിജന്‍ ലഭ്യമാക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര്‍ രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര്‍ ചികിത്സയിലാണ്.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്.

ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Exit mobile version