മുംബൈ: മഹാരാഷ്ട്രയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച ഏഴ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലുള്ള വാനി ഗ്രാമത്തിലാണ് സംഭവം. ദത്ത ലഞ്ചേവർ, നൂതൻ പത്തരത്കർ, ഗണേഷ് നന്ദേക്കർ, സന്തോഷ് മെഹർ, സുനിൽ ധെങ്കലെ എന്നിവരാണ് മരിച്ചത്.
കോവിഡിനെ പിടിച്ചുകെട്ടാനാകാതെ വന്നതോടെ സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മദ്യശാലകളടക്കം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലഹരിക്കായി യുവാക്കൾ സാനിറ്റൈസറിൽ അഭയം പ്രാപിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദത്ത ലഞ്ചേവർ (47) സാനിറ്റൈസർ കുടിച്ചത്. അവശനിലയിലായതോടെ ഇയാളെ വാനി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പിന്നാലെ സാനിറ്റൈസർ കഴിച്ച മറ്റൊരാൾക്കും അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശനിയാഴ്ച പുലർച്ചെയോടെ ഇയാളും മരണത്തിന് കീഴടങ്ങി. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആൽക്കഹോൾ ചേർത്തുണ്ടാക്കുന്ന സാനിറ്റൈസർ ലഹരി നൽകും എന്ന് തെറ്റിദ്ധരിച്ച് കുടിച്ചതാണ് യുവാക്കളുടെ ജീവൻ കവർന്നത്. സാനിറ്റൈസറിൽ 65 -70% ആൽക്കഹോൾ ഉണ്ടെങ്കിലും അകത്ത് ചെന്നാൽ മാരക വിഷത്തിന്റെ ഫലം ചെയ്യുന്നതാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഹൈഡ്രജൻ പെറോക്സൈഡ്, ഗ്ലിസറിൻ എന്നിവയും ചേർത്താണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. ഇതിൽ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേർത്തു ലഹരിക്കായി ഉപയോഗിാറുണ്ട് ചിലർ. എന്നാൽ ഈ ലായനി ജീവനെടുക്കുമെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. സാനിറ്റൈസർ കുടിച്ചാൽ അന്നനാളം, ആമാശയം, കുടൽ എന്നിവയ്ക്കു ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. ആമാശയത്തിൽ ഉണ്ടാകുന്ന പൊള്ളൽ വ്രണവും മുറിവും രക്തസ്രാവവും ഏൽപ്പിക്കും.
Discussion about this post