രൂക്ഷമായി കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നലെ 3,49,691 പേര്‍ക്ക് രോഗം, 2767 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മൂന്നര ലക്ഷത്തിനടുത്തെത്തി.ഇന്നലെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണവും ഉയര്‍ന്നു. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,49,691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,69,60,172 ആയി. ഇതില്‍ 1,40,85,110 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,92,311 ആയി. നിലവില്‍ 26,82,751 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

Exit mobile version