ന്യൂഡൽഹി: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാണ്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറൽ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
1958 മെയ് അഞ്ചിന് കർണാടകയിൽ ജനിച്ച മോഹൻ എം ശാന്തനഗൗഡർ 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി ചേർന്നു. 2003ൽ കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി. പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, ഇവിടെ 2016 ഓഗസ്റ്റ് ഒന്നിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സെപ്റ്റംബർ 22 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2017 ഫെബ്രുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
Discussion about this post