ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നുകളുടെ വില പ്രഖ്യാപിച്ചു. ഒടുവിലായി കോവാക്സിനാണ് നിരക്ക് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്നാണ് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.
കോവാക്സിൻ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുക. രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലുമാണ് വിൽപ്പനയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Bharat Biotech – COVAXIN® Announcement pic.twitter.com/cKvmFPfKlr
— BharatBiotech (@BharatBiotech) April 24, 2021
ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വാക്സിൻ രാജ്യത്ത് നിർമിക്കുന്നത്. കോവിഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്.
കോവിഷീൽഡിന്റെ വില പ്രഖ്യാപനം തന്നെ ഏറെ വിവാദമായിരുന്നു. വാക്സിന്റെ ഉയർന്ന വില സാധാരണക്കാർക്ക് വാക്സിൻ അപ്രാപ്യമാക്കുമെന്ന് ചർച്ചകൾ തുടരുന്നതിനിടെയാണ് കോവാക്സിനും ഉയർന്ന വില പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post