ന്യൂഡല്‍ഹി: ഓക്‌സിജനും സൗജന്യ വാക്സിനും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് യെച്ചൂരി ഓര്‍മിപ്പിക്കുന്നു.
‘വളരെ വേദനയിലും സങ്കടത്തിലും ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു. അഭൂതപൂര്‍വമായ ഈ ആരോഗ്യ-മാനുഷിക പ്രതിസന്ധി, കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണ്’- എന്നായിരുന്നു കത്തിന്റെ തുടക്കത്തില്‍ യെച്ചൂരിയുടെ വാക്കുകള്‍.
കേന്ദ്ര സര്‍ക്കാരിന്റെ സമീപനവും മനോഭാവവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. തടയാന്‍ കഴിയുമായിരുന്ന ആയിരക്കണക്കിന് പ്രിയപ്പെട്ട ഇന്ത്യക്കാരുടെ മരണങ്ങളില്‍ വിലപിക്കുകയാണെങ്കിലും. ആ വിശദാംശങ്ങളിലേക്ക് കടക്കാനുള്ള സമയമല്ല ഇതെന്ന് മനസിലാക്കുന്നു.
ഓക്‌സിജന്‍, വാക്‌സീന്‍ വിതരണത്തിന് പ്രാമുഖ്യം നല്‍കാന്‍ അങ്ങയോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തെ ആവശ്യമുള്ള എല്ലാ ആശുപത്രികളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ എന്തു വിലകൊടുത്തും നടപടികള്‍ സ്വീകരിക്കൂ. ആഗോള വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ വാക്‌സീന്‍ നല്‍കുക. ഇത്തരത്തില്‍ മരണങ്ങള്‍ തടയാന്‍ കഴിയുന്നതെല്ലാം ചെയ്യാനും യെച്ചൂരി കത്തില്‍ ആവശ്യപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമെന്നത് അറിയാം. എന്നാല്‍ വാക്‌സിനേഷനായി ബജറ്റില്‍ മാറ്റിവച്ച 35000 കോടി അനുവദിക്കുക. ഡല്‍ഹിയില്‍ പണിയുന്ന പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം അടക്കമുള്ള അധിക ബാധ്യത വരുന്ന പ്രവൃത്തികള്‍ നിര്‍ത്തി വച്ച് കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പിഎം കെയര്‍ ഫണ്ട് സുതാര്യമായി വാക്‌സിനേഷനും ഓക്‌സിജന്‍ വിതരണത്തിനും ഉപയോഗിക്കണമെന്നും യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഓക്‌സിജനും വാക്‌സിനും നല്‍കി മരണങ്ങള്‍ തടയാന്‍ കഴിയുന്നില്ലെങ്കില്‍ താങ്കളുടെ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ല. ആരോഗ്യപരവും മാനുഷികവുമായി ഈ ദുരന്തത്തെ നേരിടാനും തടയാനും സാധിക്കുന്നതാണ്. ഈ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും സീതാറാം യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു.