ദെഹ്റാദൂണ്‍: വീണ്ടും ദുരന്തമുഖമായി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് നിതി താഴ്വരയ്ക്ക് സമീപം വീണ്ടും മഞ്ഞുമല ദുരന്തമാണുണ്ടായത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ കാണാതായ എട്ട് പേരുടെ മൃതദേഹം സൈന്യം നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. അതിര്‍ത്തി പ്രദേശത്തെ റോഡുകളുടെ നിര്‍മാണ-അറ്റകുറ്റ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞുമല ദുരന്തത്തില്‍പ്പെട്ടത്.
384 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് അറിയിക്കുന്നു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കാമെന്ന് അധികൃതര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥ രാത്രിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.
സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നത്. സുംന-റിംഖിം റോഡില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ഞുമല ഇടിഞ്ഞതായി സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രദേശത്ത് കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഴയും മഞ്ഞും അനുഭവപ്പെട്ടിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്.
അപകടമുണ്ടായ ഉടനെ തന്നെ സൈന്യം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ സൈനിക ക്യാപിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post