ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഗുരുതരാവസ്ഥയിലേക്ക്. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി. ഇന്നലെ 3,46,786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,624 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. തുടര്‍ച്ചയായ മൂന്ന് ദിവസമായി രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. 2,19,838 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തി നേടിയതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ 3,46,786 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,66,10,481 ആയി. 1,38,67,997 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,89,544. നിലവില്‍ 25,52,940 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെയായി 13,83,79,832 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരെയും സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ പലയിടത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും രൂക്ഷമാണ്. ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്നും 48 ഓക്‌സിജന്‍ സിലിണ്ടറുകള്‍ റെയ്ഡ് ചെയ്തു. 32 വലിയ ഓക്‌സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post