ന്യൂഡല്‍ഹി: രാജ്യത്തെ 80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചുകിലോവീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി മെയ്, ജൂണ്‍ മാസങ്ങളിലാണ് അഞ്ചുകിലോയുടെ സൗജന്യ റേഷന്‍ വിതരണം നടക്കുക.
80 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വ്യക്തിക്ക് അഞ്ചുകിലോ വീതം സൗജന്യ റേഷനരി ലഭിക്കും. നിലവില്‍ യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് രൂപകള്‍ക്കു ലഭിക്കുന്ന അഞ്ചുകിലോയുടെ അരി, ഗോതമ്പ്, മറ്റു ധാന്യങ്ങള്‍ എന്നിവയ്ക്ക് പുറമെയാണിത്.
കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന(പിഎംജികെഎവൈ)യുടെ രീതിയില്‍ തന്നെയായിരിക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണവും. ഇതിനായി 26,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ പിഎംജികെഎവൈക്കു കീഴിലുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം പുനരാരംഭിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ഇതേ ആവശ്യമുയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-നവംബര്‍ കാലയളവിലാണ് പിഎംജികെഎവൈ പദ്ധതി പ്രകാരം രാജ്യത്തുടനീളം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നത്.