ന്യൂഡല്‍ഹി: കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. കിടക്കകള്‍, ഓക്സിജന്‍ എന്നിവയുടെ ക്ഷാമം രൂക്ഷമായിരിക്കെ രോഗികള്‍ക്ക് അവശ്യ ചികിത്സ നല്‍കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ആരോഗ്യമേഖല. രോഗികള്‍ ആശുപത്രിയ്ക്ക് പുറത്ത് ആംബുലന്‍സിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന അവസ്ഥയിലാണ്.
അതേസമയം, കോവിഡ് ബാധിച്ച ഭാര്യയ്ക്ക് ചികിത്സ ലഭ്യമാക്കാനുള്ള ഓട്ടത്തിലാണ്
അസ്ലം ഖാന്‍ എന്ന യുവാവ്. ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിച്ച് ആരോഗ്യ നില മോശമായ ഭാര്യയുമായി ആശുപത്രികളില്‍ കയറിയിറങ്ങുകയാണ്
അസ്ലം ഖാന്‍.
അസ്ലമിന്റെ ഭാര്യ റുബി ഖാന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. എന്നാല്‍
കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ തിരികെ അയച്ചു. തന്റെ ഭാര്യ മരിച്ചു പോവുമെന്നും ദയവായി അവര്‍ക്ക് ചികിത്സ നല്‍കണമെന്നും അസ്ലം കരഞ്ഞ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിസ്സഹായരായിരുന്നു.
‘ഞാനവരുടെ കാല് പിടിക്കാന്‍ തയ്യാറായിരുന്നു. ഇവിടെ കിടക്കകളില്ല എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് എന്റെ ഭാര്യയെ മരിക്കാന്‍ വിടുക,’ അസ്ലം ഖാന്‍ കരഞ്ഞു കൊണ്ട് എന്‍ഡിവിയോട് പറഞ്ഞു. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നില്‍ നിന്നാണ് ഇദ്ദേഹം പൊട്ടിക്കരഞ്ഞത്.
തലസ്ഥാനത്ത് കൊവിഡ് ചികിത്സ നടക്കുന്ന ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ഇത്. മറ്റ് ആശുപത്രികളുടെ സ്ഥിതി ഇതിലേറെ ദയനീയമാണ്. ഗംഗ രാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ രൂക്ഷമായ 25 പേര്‍ മരിച്ചു എന്നാണ് ഇന്ന് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്.