രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് വ്യാപനം; ഇന്നലെ 3,32,730 പേര്‍ക്ക് കൊവിഡ്; 2263 മരണം, ഓക്‌സിജന്‍ ക്ഷാമം മൂലവും മരണം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,32,730 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മരണ നിരക്കും ഉയര്‍ന്നു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,32,730 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കൊവിഡ് മൂലം മരിച്ചത് 1,86,920 പേരാണ്. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ രോഗ വ്യാപനം കുതിച്ചുയരുകയാണ്. ഏപ്രില്‍ 4ന് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോള്‍ 3.3 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. ആദ്യ കൊവിഡ് തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക് 98,000 ആയിരുന്നു.

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നും മരണം ഉയരുകയാണ്. ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്.

അതേസമയം നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന് ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്നലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Exit mobile version