ന്യൂഡല്‍ഹി: മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കി ഭാര്യയുടെ പ്രതികാരം. യുപി സ്വദേശിനിയും ഫരീദാബാദില്‍ താമസക്കാരിയുമായ യുവതിയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ സത്യം തെളിഞ്ഞതോടെയാണ് നടപടി.
ഫരീദാബാദ് എസ്ജിഎം നഗറിലാണ് യുവതിയും ഭര്‍ത്താവായ ഓട്ടോ ഡ്രൈവറും താമസിക്കുന്നത്. ജോലി കഴിഞ്ഞതിന് ശേഷം ഭര്‍ത്താവ് എല്ലാ ദിവസവും രാത്രിയിലാണ് വീട്ടിലെത്തിയിരുന്നത്. അടുത്തിടെയായി ചില ദിവസങ്ങളില്‍ ഭര്‍ത്താവ് രാത്രിയിലും വീട്ടില്‍ വന്നിരുന്നില്ല. ഇതോടെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി സംശയിച്ചു. ഇക്കാര്യത്തെച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ യുവതി തീരുമാനിച്ചത്.
ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് ഒളിപ്പിച്ച് പോലീസ് കേസില്‍ കുടുക്കി ജയിലിലാക്കാനായിരുന്നു യുവതിയുടെ തീരുമാനം. ഇതിനായി ഡല്‍ഹിയിലെത്തിയ യുവതി പവന് എന്നയാളില്‍നിന്നും 700 ഗ്രാം കഞ്ചാവ് വാങ്ങി. ഈ കഞ്ചാവുപൊതി ഭര്‍ത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുവെച്ചു. പിന്നീട് യുവതി തന്നെയാണ് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ പോലീസ് പിടികൂടിയെങ്കിലും വിശദമായി അന്വേഷിച്ചതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്.
Discussion about this post