ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും ധനമന്ത്രി അറിയിച്ചു.
ഓക്സിജൻ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ക്രമീകരണം കേന്ദ്രസർക്കാർ ഒരുക്കും. റെഡംസിവിർ മരുന്നിന്റെ പ്രതിമാസ ഉത്പാദനം 36 ലക്ഷത്തിൽ നിന്ന് 78 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. മരുന്നിന്റെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. 150ഓളം വ്യവസായികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കൂടിക്കാഴ്ച നടത്തിയത്. കോവിഡിന്റെ രണ്ടാം തരംഗം തടുക്കാൻ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാണ് ഏറ്റവും അനുയോജ്യം. എല്ലാ ആശുപത്രികളിലും മെഡിക്കൽ ഓക്സിജൻ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ തൊഴിലാളികൾക്ക് മേയ് ഒന്ന് മുതൽ വാക്സിൻ നൽകാൻ അവസരമുണ്ടായിരിക്കും. വാക്സിൻ നിർമ്മാണത്തിനായി സിറം ഇൻസ്റ്റിറ്റിയുട്ടിന് 4600 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.
Discussion about this post