ന്യൂഡൽഹി: കോവിഡ് ബാധിതയായ വനിതാ ഡോക്ടർ അവസാന പ്രഭാത ആശംസയും നേർന്ന് മരണത്തെ പുൽകിയത് ഞെട്ടലുണ്ടാക്കുന്നു. മുംബൈയിലെ മുൻനിര കോവിഡ് പോരാളിയായിരുന്ന ഡോക്ടർ മനീഷ ജാദവ് (51) ആണ് മരണത്തിന് കീഴടങ്ങിയത്. മരണത്തെ മുഖാമുഖം കാണുന്നുവെന്ന മനീഷയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു അവരെ മരണം തേടിയെത്തിയത്.
‘ഇതെന്റെ അവസാന പ്രഭാത ആശംസയായിരിക്കാം. ഇവിടെ ഇനി നമ്മൾ കണ്ടുമുട്ടിയെന്ന് വരില്ല. എല്ലാവരും സുഖമായിരിക്കുക. എന്റെ ശരീരം മരിച്ചു. ആത്മാവ് വിട്ടുപോയിട്ടില്ല, അത് അനശ്വരമാണല്ലോ’- ഞായറാഴ്ച മനീഷ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
കോവിഡ് ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്ന മനീഷയ്ക്ക് തന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. തുടർന്നാണ് അവർ ഫേസ്ബുക്കിൽ തൻറെ അവസാന കുറിപ്പ് പങ്കുവെച്ചത്.
സെവ്രി ടിബി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു മനീഷ. ക്ലിനിക്കൽ, അഡ്മിനിസ്ട്രേഷൻ ചുമതലയും അവർ വഹിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിട്ടതിന് തൊട്ടടുത്തദിവസമാണ് അസുഖം മൂർച്ഛിച്ച് അവർ മരണത്തിന് കീഴടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മരണപ്പെടുന്ന സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരിൽ ആദ്യത്തെയാളാണ് മനീഷയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ മാത്രം ഏകദേശം 18,000 ഡോക്ടർമാർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 168 പേർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post