‘ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു’: രാജ്യത്തിന്റെ സൂപ്പര്‍ഹീറോയായി മാറിയ മയൂര്‍ ആ നിമിഷം പങ്കുവയ്ക്കുന്നു

മുംബൈ: കഴിഞ്ഞദിവസം രാജ്യം ഒന്നിച്ചു കയ്യടിച്ച സൂപ്പര്‍ ഹീറോ ആണ് മയൂര്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സ്‌പൈഡര്‍മാന്റെയും സൂപ്പര്‍മാന്റെയും വേഗത്തില്‍ രണ്ട് ജീവനുകളുടെ കരയ്‌ക്കെത്തിച്ച സൂപ്പര്‍ ഹീറോ. കഴിഞ്ഞദിവസം റയില്‍വേ മന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ റെയില്‍വേ അധികൃതരും മയൂരിന്റെ രക്ഷാദൗത്യത്തെ ആദരിച്ചിരുന്നു.

‘ഞാന്‍ കുട്ടിയെ രക്ഷിക്കാൻ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക് തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. ഹൃദയം നിറഞ്ഞാണ് അവർ നന്ദി പറഞ്ഞത്.’ മയൂർ പറയുന്നു.


മുംബൈയിലെ വങ്കാനി റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമായിരുന്നു ദൈവത്തിന്റെ കൈകളായി മയൂര്‍ ആ കുഞ്ഞ് ജീവന്‍ കോരിയെടുത്തത്. അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാന്‍ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്.

ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ മയൂര്‍ ഓടിയെത്തി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ സമയം ട്രെയിന്‍ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് മയൂര്‍ കുഞ്ഞിനെയും കൊണ്ട് പ്ലാറ്റ്‌ഫോമിലേക്ക് കയറിയതും, ട്രെയിന്‍ കടന്നുപോയതും.

Exit mobile version