മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചത്. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്. ടാങ്ക് ചോര്ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഈ സമയത്ത് വെന്റിലേറ്ററില്‍ 80 രോഗികളിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 22 കൊവിഡ് രോഗികളാണ് മരിച്ചത്. 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.