ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില പ്രഖ്യാപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവിഷീല്‍ഡ് ലഭിക്കാന്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എത്ര രൂപ നല്‍കണമെന്ന കാര്യത്തിലാണ് തീരുമാനമായത്.
സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ഡോസിന് 600 രൂപയും നല്‍കണം. നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്കിയ വാക്സിനാണ് കോവിഷീല്‍ഡ്.
കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന് നല്‍കും. പുതിയ വാക്സിന് പോളിസി അനുസരിച്ച് വാക്സിന് ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.
അമേരിക്കന്‍ നിര്‍മിത വാക്സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത വാക്സിനും ചൈനീസ് നിര്‍മിത വാക്സിനും 750 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ കോവിഷീല്‍ഡിന്റെ വില 15 ഡോളറിനും 20 ഡോളറിനും(11001500 രൂപ)ഇടയിലാണ്. എന്നാല്‍ രണ്ട് ഡോളര്‍(150 രൂപ) നിരക്കിലാണ് രാജ്യത്തിന് നല്‍കുന്നത്.
ആഗോള വിപണിയില്‍ മൊഡേണ വാക്സിന്റെ ഒറ്റഡോസിന് 15-33 ഡോളറാണ് വില. അതായത് 1130-2500 രൂപ. ഫൈസര്‍ വാക്സിനാകട്ടെ 6.75-24 ഡോളറാണ് നല്‍കേണ്ടത് (500-1800 രൂപ), സ്പുട്നികിന് 10 ഡോളര്‍ മുതല്‍ 19 ഡോളര്‍ (750-1430 രൂപ) വരെയുമാണ് വില ഈടാക്കുന്നത്.
മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്സിന് നിര്‍മാതാക്കളില്‍ നിന്ന് വാക്സിന് വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. സ്വകാര്യ മേഖലയ്ക്ക് നേരിട്ട് വാക്സിന് വാങ്ങാം. വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം മരുന്ന് കമ്പനികള്‍ക്കായിരിക്കും.
മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് എടുക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനങ്ങള്‍ക്കാവശ്യമായ കോവിഡ് വാക്സിന് പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post