ന്യൂഡൽഹി: ഇനിയും രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ ഉണ്ടാവില്ലെന്നു റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. ട്രെയിൻ സർവീസ് നിർത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അതിഥി തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികൾ ഓടുന്നുണ്ട്. തുടർന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ ബോർഡ് ചെയർമാൻമാരും ജനറൽ മാനേജർമാരും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ അതിഥി തൊഴിലാളികൾക്കുവേണ്ടി പ്രത്യേക തീവണ്ടികൾ ഏർപ്പെടുന്നുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ വരുമെന്ന ആശങ്കയിലാണ് അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് റെയിൽവെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post