മുംബൈ: അമ്മയുടെ വിരല്‍ത്തുമ്പില്‍ നിന്നും റെയില്‍വേ ട്രാക്കിലേക്ക്, ചീറിപ്പാഞ്ഞ് വന്ന ട്രെയിനിന് മുന്നില്‍ നിന്നും കുഞ്ഞിന് അത്ഭുത രക്ഷ. മുംബൈയിലെ വാങ്കനി റെയില്‍വേ സ്റ്റേഷനിലായിരുന്നു ആ ഞെട്ടിപ്പിക്കുന്ന കാഴ്ച.
റെയില്‍വേ ജീവനക്കാരനായ മയൂര്‍ ഷെല്‍ക്കേയാണ് ദൈവത്തിന്റെ കൈകളായി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അബദ്ധത്തില്‍ റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് മയൂര്‍ ഷെല്‍ക്കേ രക്ഷിച്ചെടുത്തത്. മയൂരിന്റെ ധീരതയ്ക്ക്, അര്‍പ്പണബോധത്തിന് കേന്ദ്ര റെയില്‍വേ മന്ത്രിക്കൊപ്പം രാജ്യം തന്നെ അഭിനന്ദനങ്ങള്‍ നേരുകയാണ്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഈ വീഡിയോ പങ്കിട്ട് മയൂരിനെ അഭിനന്ദിച്ചു.
ശ്വാസം അടക്കിപിടിച്ചാണ് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവര്‍ ആ കാഴ്ച കണ്ടത്. ഒരു നിമിഷം താമസിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ നഷ്ടമാകുക രണ്ട് ജീവനുകളായിരുന്നേനെ. കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് എടുത്തുകയറ്റിയതും ജീവനക്കാരന് പ്ലാറ്റ്ഫോമിലേക്ക് എടുത്തുചാടിയതും ട്രെയിന്‍ കടന്നുപോയതും ഒരുമിച്ചായിരുന്നു.
അമ്മയുടെ കൈപിടിച്ച് പ്ലാന്റ്ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് വീണത് കണ്ട് അമ്മ പരിഭ്രാന്തയായി എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയാണ്. അപ്പോഴാണ് എതിര് ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ കുതിച്ചെത്തിയത്.
ഇത് ശ്രദ്ധയില്‍പ്പെട്ട മയൂര്‍ പാളത്തിലൂടെ ഓടിവരുന്നതും കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുന്നതും കൂടെ അയാള്‍ കയറുന്നതും വീഡിയോയില്‍ കാണാം. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിന്‍ കടന്നുപോയത്.
ഇന്ത്യന്‍ റെയില്‍വേ ആണ് ഏപ്രില്‍ 17ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Discussion about this post