രണ്ടാം കോവിഡ് വ്യാപനം: പ്രധാനമന്ത്രി 19 മണിക്കൂര്‍ ജോലി ചെയ്യുന്നു; പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: കോവിഡ് അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 18 മുതല്‍ 19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍.

കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മടങ്ങിയെത്തിയ മോഡി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പീയുഷ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും എന്‍സിപിയുടെയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഗോയലിന്റെ വാക്കുകള്‍. കോവിഡ് പ്രതിരോധങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് ശരിയല്ലെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള വഴി തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

6177 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കായിരിക്കും ഇതില്‍ കൂടുതല്‍ അളവ് ലഭിക്കുക. 1500 മെട്രിക് ടണ്‍ ഓക്‌സിജനാണ് മഹാരാഷ്ട്രയ്ക്ക് ലഭിക്കുക.

കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ് കേന്ദ്രമെന്നും ഗോയല്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 261500 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 1501 പേര്‍ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചു.

Exit mobile version