കോവിഡിൽ തകർന്ന് വിപണിയും; ഓഹരിവിപണിയിൽ ഇന്ന് മാത്രം നിക്ഷേപകന് നഷ്ടം ആറ് ലക്ഷം കോടി

stock-market

മുംബൈ: രാജ്യത്തെ കോവിഡ് പിടിമുറുക്കിയതോടെ ഭയപ്പാടിലായ ജനങ്ങളെ നിരാശരാക്കി ഓഹരി വിപണിയും. കോവിഡ് ഭീതിയിൽ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം കോടിയോളം രൂപ.

കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ 2.73 ലക്ഷംവർധനവുണ്ടായതാണ് വിപണിയെ പ്രതിരോധത്തിലാക്കിയത്. ഇതേതുടർന്ന് കനത്ത വില്പന സമ്മർദമാണ് വിപണി നേരിട്ടത്. സെൻസെക്‌സ് 1,470 പോയന്റോളം താഴെപ്പോയെങ്കിലും നേരിയതോതിൽ തിരിച്ചുകയറിയത് ആശ്വാസമായി.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണിമൂല്യം 5.82 ലക്ഷം കോടി രൂപയിടിഞ്ഞ് 199.89 ലക്ഷം കോടിയായി കുറഞ്ഞു. മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും തിരിച്ചടിനേരിട്ടു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ നിക്ഷേപകരും മടിച്ചുനിൽക്കുകയാണ്. കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജുകൾ അവതരിപ്പിച്ചെങ്കിലും നിലവിൽ സാഹചര്യം മോശമായതിനാൽ സമീപഭാവിയിൽ തന്നെ വിദേശ നിക്ഷേപത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകില്ല എന്നാണ് വിലയിരുത്തൽ.

Exit mobile version