രണ്ടാം കോവിഡ് വ്യാപനത്തിനിടെ തിരിച്ചടി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കേന്ദ്രം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിപ്പിച്ച്
കേന്ദ്രം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം രൂപയുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകള്‍ ഹാജരാക്കാന്‍ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കോവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ 20 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30നാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 24 ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തു നല്‍കി.

സെപ്റ്റംബറില്‍ കേസുകള്‍ കുതിച്ചുയര്‍ന്ന് ദിവസം ഒരു ലക്ഷത്തിന് അടുത്തെത്തിയപ്പോള്‍ പദ്ധതി ഈ വര്‍ഷം മാര്‍ച്ച് 2021 വരെയാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിനു മുകളില്‍ പ്രതിദിന കണക്കുകള്‍ ഉയര്‍ന്നിട്ടും യാതൊരു പരിക്ഷയുമില്ലാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത്.

വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്‍ഗണന നല്‍കിയതോടെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ പ്രേരണയായതെന്നും, കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകള്‍ കൂടുതലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പിന്നീട് പുതുക്കിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പിന്നീട് കൊണ്ട് വരുമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേ സമയം കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്കും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി വരെയുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 287 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക ലഭിച്ചത്.

Exit mobile version