ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടായതിന് പിന്നാലെ ഓക്സിജൻ സിലിണ്ടറുകൾക്ക് വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ വ്യാവസായിക ആവശ്യത്തിനായി വിതരണം ചെയ്യുന്ന ഓക്സിജൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താൻ നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു.
കോവിഡ് ബാധിച്ച രോഗികളുടെ ചികിത്സയ്ക്കായി ഓക്സിജൻ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ മെഡിക്കൽ ഓക്സിജന് ദൗർലഭ്യം അനുഭവപ്പെടാൻ ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് ക്ഷാമം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്.
ഫാർമസ്യൂട്ടിക്കൽ, പെട്രോളിയം റിഫൈനറികൾ, സ്റ്റീൽ പ്ലാന്റുകൾ, ഓക്സിജൻ സിലിണ്ടർ നിർമ്മാതാക്കൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ അടക്കം ഒൻപത് വ്യവസായങ്ങളെ ഈ നിർദേശത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
രാജ്യത്തെ ഓക്സിജൻ ക്ഷാമം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ നീക്കം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് മഹാരാഷ്ട്രയും ഡൽഹിയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നിരവധി തവണ കത്തയച്ചിരുന്നു. ഡൽഹി രൂക്ഷമായ ഓക്സിജൻ ക്ഷാമം നേരിടുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സംസ്ഥാനത്തിന്റെ ക്വാട്ട മറ്റ് സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിട്ടതായും ആരോപിച്ചിരുന്നു.
അതേസമയം, രോഗികൾക്ക് വേഗത്തിൽ ഓക്സിജൻ എത്തിക്കാനായി ഗ്രീൻ കോറിഡോർ ഉപയോഗിച്ച് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചിട്ടുണ്ട്. ലിക്വിഡ് മെഡിക്കൽ ഓക്സിജനും (എൽഎംഒ) ഓക്സിജൻ സിലിണ്ടറുകളും ഈ ട്രെയിനുകൾ വഴി എത്തിക്കും.
Discussion about this post