കോവിഡ് രണ്ടാം തരംഗം ഭീകരം; വൃദ്ധരെ ഒഴിവാക്കി ആരോഗ്യമുള്ള യുവാക്കളെ പിടികൂടി കോവിഡ്; ജാഗ്രത വേണ്ടത് യുവാക്കൾക്ക്

covid19

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ കൂടുതൽ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്ത്. ഒന്നാം കോവിഡ് വ്യാപനത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ യുവാക്കളിലാണ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞതവണ വൃദ്ധരേയും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരേയും സാരമായി ബാധിച്ച കോവിഡ് രണ്ടാം വരവിൽ ആരോഗ്യമുള്ളവരെയാണ് പിടികൂടുന്നത്. രാജ്യത്തിന്റെ മനുഷ്യസമ്പത്തിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കോവിഡ് പിടിമുറുക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

രണ്ടാം തരംഗത്തിൽ പ്രായമായവരേക്കാൾ യുവാക്കളിലാണ് രോഗം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡയഗനോസ്റ്റിക് ലാബിലെ വിദഗ്ധ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് കാണിച്ച ലക്ഷണങ്ങളിലും കാര്യമായ മാറ്റം കാണിക്കുന്നുണ്ടെന്ന് അവർ വിശദമാക്കി.

‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോൾ ധാരാളം ചെറുപ്പക്കാരാണ് കോവിഡ് പോസിറ്റീവായി മാറുന്നത്. ഇത്തവണ ലക്ഷണങ്ങൾ വ്യത്യസ്തമാണ്. വരണ്ട വായ, ചെറുകുടൽ സംബന്ധിയായ പ്രശ്‌നങ്ങൾ, ഓക്കാനം, കണ്ണുകൾ ചുവക്കുക, തലവേദന എന്നീ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആരും പനിയുള്ളതായി പറയുന്നില്ല’-ജെനസ്ട്രിങ്‌സ് ഡയഗനോസ്റ്റിക് സെന്റർ ഫൗണ്ടർ ഡയറക്ടർ ഡോ. ഗൗരി അഗർവാൾ പറഞ്ഞു.

രോഗബാധിതരിൽ 65 ശതമാനം ആളുകളും 45 വയസ്സിൽ താഴെയുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘രണ്ടാം തരംഗത്തിൽ 12നും 15നും താഴെ പ്രായമുള്ള കുട്ടികളിൽ വരെ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല’ മഹാരാഷ്ട്ര കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗമായ ഖുഷ്‌റവ് ഭജൻ പറയുന്നു. രണ്ട് തവണ ജനിതകമാറ്റം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഇവ കൂടുതൽ അപകടകാരിയാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കോവിഡ് വ്യാപനം വർധിച്ചതിനിടെ പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ഡൗണും നൈറ്റ് കർഫ്യൂവും ഏർപെടുത്തിയെങ്കിലും ഇവ മതിയാകില്ലെന്നും ദീർഘകാലത്തേക്ക് ലോക്ക്ഡൗൺ ഏർപെടുത്തിയാൽ മാത്രമേ കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സാധിക്കൂവെന്ന് ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ശ്യാം അഗർവാൾ വ്യക്തമാക്കി.

Exit mobile version