മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. 42കാരിയായ സ്ത്രീയാണ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇവർക്ക് ചികിത്സ നൽകാൻ വാർജെ മാൽവാടിയിലെ ആശുപത്രി അധികൃതർ വിസമ്മതിച്ചതായും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നെന്നും ഭർത്താവ് ആരോപിച്ചു.
എന്നാൽ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതർ കോവിഡ് ചികിത്സയ്ക്ക് ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്തതെന്ന് വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രോഗമുക്തി നേടിയതിനാലാണ് ഇവരെ ഡിസ്ചാർജ് ചെയ്തതെന്നും മറ്റ് കോവിഡ് രോഗികൾക്ക് ബെഡ് ആവശ്യമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ രണ്ട് മുതൽ ഭാര്യക്ക് കോവിഡിന്റെ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെന്നാണ് ഭർത്താവിന്റെ മൊഴി. ലക്ഷണങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ എട്ടിന് പൂണെയിലെ വാർജെ മാൽവാഡി പ്രദേശത്തെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ഏപ്രിൽ 11 ന് ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ചികിത്സ തുടരണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തുവെന്നാണ് സ്ത്രീയുടെ ഭർത്താവിന്റെ ആരോപണം. ചികിത്സയിലെ പ്രശ്നങ്ങളെക്കുറിച്ച് ഭാര്യ തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും ഇയാൾ പറയുന്നു. വീണ്ടും അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ ചികിത്സിച്ച ഡോക്ടർ പുണെയിലുള്ള ഈ ആശുപത്രിയുടെ തന്നെ പ്രധാന ശാഖയിലേക്ക് സിടി സ്കാനിനായി റഫർ ചെയ്തുവെന്നും അയാൾ പറഞ്ഞു.
ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടക്കകൾ ലഭ്യമല്ലാത്തതിനാൽ ആശുപത്രി തിരിച്ചയച്ചു എന്നാണ് ആരോപണം. ഇതിന്റെ പിറ്റേ ദിവസമാണ് സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, തങ്ങൾക്ക് ലഭിച്ച പരാതിയിൽ ഭാര്യക്ക് ആശുപത്രിയിൽ കിടക്ക നിഷേധിച്ചതായി ഭർത്താവ് പരാമർശിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post