കല്യാൺ: മഹാരാഷ്ട്രയിൽ കോവിഡ് സംഹാര താണ്ഡവമാടുന്നു. ക്ലിനിക് ഉടമകളും ഡോക്ടർമാരുമായ അച്ഛനും മകനും കോവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയുടെ ദാരുണാവസ്ഥ വെളിവാക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഡോക്ടർമാരായ അച്ഛനും മകനും മരിച്ചത്.
ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ് മരിച്ചത്. നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. എന്നാൽ ഇവർ വാക്‌സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരും കോവിഡ് രോഗികളെയടക്കം ചികിത്സിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ നവംബറിലാണ് സൂരജ് വിവാഹിതനായത്. സൂരജിന്റെ സഹോദരനും ഡോക്ടറാണ്.
രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് ബാധിതരാണ്. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്.
തിത്‌വാലയ്ക്കടുത്തുള്ള ഖദാവലിയിൽ ക്ലിനിക്ക് നടത്തുകയാണ് ഡോ. നാഗേന്ദ്ര മിശ്ര. മകൻ സൂരജ് ഭിവണ്ടിയിലെ ബാപ്ഗാവിലാണ് ക്ലിനിക് നടത്തുന്നത്. കല്യാൺ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയയിൽ ഗുരുതര രോഗികൾക്ക് പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്.