മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടേയും മരണപ്പെടുന്നവരുടേയും എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക്. കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാൻ വരുന്ന മോഡി പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
‘കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിപ്പിച്ച പോലെ തന്നെ മരണ സർട്ടിഫിക്കറ്റിലും പ്രധാനമന്ത്രിയുടെ ഫോട്ടോ വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. കോവിഡ് വാക്സിന്റെ ക്രെഡിറ്റ് എടുക്കാൻ അവർക്ക് പറ്റുമെങ്കിൽ കോവിഡ് മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം’ നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
‘രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിന് അനുസൃതമായി മരണ നിരക്കും വലിയ തോതിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. മരിച്ചവരെ ദഹിപ്പിക്കാൻ സ്ഥലവും സൗകര്യവുമില്ലാതെ ആളുകൾ വരി നിന്ന് കഷ്ടപ്പെടുന്ന വീഡിയോകൾ വൈറലാകുന്നു. നിലവിലെ സാഹചര്യത്തിന് കേന്ദ്രം ഉത്തരവാദിയാണ്. അതിന് ഉത്തരം നൽകാതെ ഒളിച്ചോടാനാകില്ല’-മാലിക് പറഞ്ഞു.
Discussion about this post