ന്യൂഡൽഹി: രാജ്യത്ത് മറ്റൊരും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് കാലത്തെ അശ്രദ്ധയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന വാദത്തേയും അമിത് ഷാ തള്ളിക്കളഞ്ഞു. കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുണ്ടോ? അവിടെ 60,000ത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ 4000 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ ഒന്നാം വ്യാപനസമയത്തെ ജാഗ്രത ഇപ്പോൾ കൈമോശം വന്നിരിക്കുന്നു എന്ന വിമർശനത്തേയും ഷാ തള്ളി. അത്തരം ആരോപണങ്ങൾ തെറ്റാണ്. മുഖ്യമന്ത്രിമാരുമായി രണ്ട് യോഗങ്ങൾ ഇപ്പോൾ തന്നെ നടത്തിയിട്ടുണ്ട്. ശാസത്രജ്ഞരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കോവിഡിനെതിരെ പോരാടാൻ രാജ്യം സജ്ജമാണ്. ഇതൊരു കഠിനമായ പോരാട്ടമാണ്. എങ്കിലും യുദ്ധം ജയിക്കുക തന്നെ ചെയ്യും. വാക്സിൻ ക്ഷാമമുണ്ടെന്ന വാർത്തകളും അമിത് ഷാ നിഷേധിച്ചു.
Discussion about this post