‘കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ കോവിഡിനെ പ്രസാദമായി കൊണ്ടുവരുന്നു’; മുംബൈ മേയര്‍

ന്യൂഡല്‍ഹി: ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിവരുന്ന തീര്‍ഥാടകര്‍ കോവിഡിനെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് പ്രസാദമായി നല്‍കുമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍.

രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന കുംഭമേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയറായ കിഷോരി പെഡ്‌നേക്കര്‍.

കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ക്വാറന്റീനില്‍ കഴിയുന്നതിന്റെ ചെലവ് അവര്‍ വഹിക്കുകയും വേണം. കാരണം, കുംഭമേളയില്‍ പങ്കെടുത്ത് തിരികെയെത്തുന്ന തീര്‍ഥാടകര്‍ വൈറസിനെ പ്രസാദം പോലെ കൂടെ കൊണ്ടുവരികയാണ്. മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

63,729 കോവിഡ് കേസുകളും 398 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version