ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിന് ജാമ്യം. 20,000 രൂപ ബോണ്ടും ഒരു ആള് ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ ചുമത്തിയതിനാല്‍ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാനാകില്ല.
കാലാകാലത്തോളം ഉമര്‍ ഖാലിദിനെ ജയിലിലടക്കാന്‍ പറ്റില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കുകയോ ചെയ്യില്ല, പരിസരത്ത് സമാധാനം കാത്തുസൂക്ഷിക്കും ജാമ്യ വ്യവസ്ഥയുടെ നിബന്ധനകള്‍ക്കനുസൃതമായി നടപടികളില്‍ പങ്കെടുക്കാന്‍ ഉമര്‍ ഓരോ വാദം കേള്‍ക്കുന്ന തീയതിയിലും കോടതിയില്‍ ഹാജരാകും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം.
ഒക്ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരില്‍ സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. നവംബര്‍ 22നാണ് ഉമര്‍ ഖാലിദ്, വിദ്യാര്‍ഥി നേതാക്കളായ ഷര്‍ജീല്‍ ഇമാം, ഫൈസാന്‍ ഖാന് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്.
ഡല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
Discussion about this post