കോവിഡ് മരണം, പ്രായമാകുമ്പോള്‍ മരിക്കുന്നത് പോലെ സ്വാഭാവികം: ആര്‍ക്കും തടയാന്‍ കഴിയില്ല; വിവാദപ്രസ്താവനയുമായി ബിജെപി മന്ത്രി

ഭോപ്പാല്‍: ആളുകള്‍ക്ക് പ്രായമേറുമ്പോള്‍ അവര്‍ മരിക്കുന്നത് സ്വാഭാവികം, അതു പോലെയാണ് കോവിഡ് ബാധിച്ചവര്‍ മരിക്കുന്നതെന്ന് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി പ്രേംസിങ് പാട്ടീല്‍.

കോവിഡ്-19 ന്റെ രണ്ടാം തരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം കുത്തനെ ഉയരുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നത്.

വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കോവിഡ് മരണസംഖ്യ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാട്ടീലിന്റെ പ്രതികരണം. കോവിഡ് മൂലമുള്ള മരണത്തെ ആര്‍ക്കും തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സംഭവിച്ചതായി താന്‍ സമ്മതിക്കുന്നതായും ആര്‍ക്കും അത് തടയാന്‍ കഴിയില്ലെന്നും പാട്ടീല്‍ പറഞ്ഞു. താന്‍ മാത്രമല്ല ഇക്കാര്യം പറയുന്ന ഏകവ്യക്തിയെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പാട്ടീല്‍ ആവശ്യപ്പെടുകയും ചെയ്തു. നിയമസഭയില്‍ കോവിഡ് കാര്യം ചര്‍ച്ച ചെയ്തതായും പാട്ടീല്‍ അറിയിച്ചു. ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഡോക്ടറെ കാണേണ്ടതാവശ്യമാണെന്നും വേണ്ടത്ര ഡോക്ടര്‍മാരുടെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാട്ടീല്‍ അറിയിച്ചു.

Exit mobile version