ഹരിദ്വാർ: കുംഭമേളക്കെത്തുന്ന തീർത്ഥാടകർക്ക് സഹായം നൽകാൻ ആർഎസ്എസ് പ്രവർത്തകർക്ക് പോലീസ് പദവി നൽകി വൊളണ്ടിയർമാരാക്കി ഉത്തരാഖണ്ഡ് സർക്കാർ. തീർത്ഥാടകരെ സഹായിക്കാൻ ആർഎസ്എസ് വർഷങ്ങളായി സജീവമാണെങ്കിലും ഇത്തവണ സർക്കാർ ഔദ്യോഗിക പദവി നൽകിയത് വിചിത്ര തീരുമാനമായിരിക്കുകയാണ്. 1553 ആർഎസ്എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പോലീസ് സ്‌പെഷ്യൽ പോലീസ് ഓഫീസർ പദവി നൽകിയിരിക്കുന്നത്.
ആർഎസ്എസുകാരെ മാത്രമല്ല കോൺഗ്രസ് സേവാദൾ പ്രവർത്തകരെയും ഇത്തവണ സ്‌പെഷൽ പൊലീസ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്ന് കുംഭമേള ഡെപ്യൂട്ടി എസ്പി ബീരേന്ദ്ര പ്രസാദ് പറഞ്ഞു. ആർഎസ്എസുകാർക്ക് തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും നൽകിയിട്ടുണ്ട്. 1,053 പേരാണ് സജീവമായി പ്രവർത്തന രംഗത്തുള്ളത്. ബാക്കിയുള്ളവർ ആവശ്യം വന്നാൽ, സേവനത്തിന് പ്രയോജനപ്പെടുത്താവുന്നവരും. ഓരോ കേന്ദ്രത്തിലും ആറ് ആർഎസ്എസുകാർക്ക് വീതം ജോലി നൽകിയിട്ടുണ്ട്. ഏപ്രിൽ 30നാണ് കുംഭമേള സമാപിക്കുക.
ഹരിദ്വാർ പട്ടണം, ഘട്ടുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ക്രോസിങ് പോയിന്റുകൾ, ജില്ലാ അതിർത്തികൾ, യുപി അതിർത്തി എന്നിവിടങ്ങളിലാണ് ഇവർക്ക് ഉത്തരവാദിത്വം. അതേസമയം, കുംഭമേള ഐജി സഞ്ജയ് കന്യാലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ആർഎസ്എസ് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിക് പ്രമുഖ് സുനിൽ വ്യക്തമാക്കി.