ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1038 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,00,739 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്.
രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ ഇന്നലെ 60,000 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മഹാരാഷ്ട്രയില്‍ നിലവില്‍ വന്നു. ഡല്‍ഹിയില്‍ 17282 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുപിയിലും 15,000 ലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.