ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായി അലയടിച്ചുകൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഒരു ലക്ഷത്തിന് മേലെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉണ്ടായേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന് രംഗത്തെത്തിയിരിക്കുകയാണ്.
രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്രധനമന്ത്രി അറിയിക്കുന്നു. ചൊവ്വാഴ്ച ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ കോവിഡിന്റെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ധനമന്ത്രി വ്യക്തമാക്കി.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ തോതില്‍ ലോക്ഡൗണുകളിലേക്കു പോകുന്നില്ലെന്നു വ്യക്തമാണ്. സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി പറയുന്നു.
Discussion about this post