ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനിടെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. കൂടാതെ വിദേശ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി.
സ്പുട്ണിക്ക് ഫൈവ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അന്തിമ അനുമതി നല്‍കിയത് രാജ്യത്തെ കൊവിഡ് പോരാട്ടത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഹൈദരാബാദിലെ ഡോക്ടര്‍ റെഡീസ് ഫാര്‍മ അടക്കം 5 ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രതിമാസം 850 മില്യന്‍ ഡോസ് നിര്‍മ്മിക്കുമെന്നാണ് അവകാശവാദം.
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് മെയ് മുതല്‍ വിതരണം ആരംഭിക്കും. ഇതിനു പുറമെയാണ് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കാവുന്ന രീതിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.
മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അംഗീകാരം നല്‍കാം. ഇതിനായി ബ്രിഡ്ജിങ് ട്രയലുകളുടെ ആവശ്യമില്ല. വിദേശ വാക്‌സിനുകളുടെ ആദ്യ 100 ഗുണഭോക്താക്കളെ വാക്‌സിന്‍ വിതരണത്തിന് ഒരാഴ്ച മുമ്പ് വിലയിരുത്താനാണ് വിദഗ്ധ സമിതിയുടെ തീരുമാനം.
സൈഡസ് കാഡില, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്ക് ജൂണില്‍ അനുമതി ലഭിച്ചേക്കും. നോവാവാക്‌സ് സെപ്തംബറിലും ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാ നാസല്‍ വാക്‌സിന്‍ ഒക്ടോബറോടെയും ലഭ്യമായേക്കും.
അതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഒന്നര ലക്ഷത്തിലധികമാണ്. 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 879 മരണം റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post